Sunday, October 28, 2012

മതത്തിനു ചെയ്യാന്‍ കഴിയുന്ന അല്ലെങ്കില്‍ ചെയ്തു കൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍...

അറിവു നേടാനുള്ള അവകാശത്തിനു വാദികുന്നവളുടെ തലച്ചോറ് തുളച്ചു വെടിയുണ്ട കേറ്റാനും.. ഒന്നുമറിയാതെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉറങ്ങുന്ന പിഞ്ചു കുഞ്ഞിനെ കുത്തി ശൂലത്തില്‍ കോര്‍ക്കാനും .. പട്ടിണി കിടക്കുന്നവന്റെ വായില്‍ മതം കുത്തികേറ്റി മത പരിവര്‍ത്തനം നടത്താനും അങ്ങനെ ശാസ്ത്രത്തിനു കഴിയാത്ത പലതും പലതും മതത്തിനും മത വിശ്വാസികള്‍ക്കും സാധിക്കും...എന്താ ശെരിയല്ലേ

Wednesday, October 24, 2012

വിദ്യാരംഭം എന്ന "ചടങ്ങ്"

വിദ്യാരംഭം എന്നാ ഒരു ചടങ്ങ് അങ്ങനെ കടന്നു പോയി. ഇന്നത്തെ കാലത്ത് അതിനെ ചടങ്ങ് എന്നു തന്നെ വിശേഷിപ്പികെണ്ടിയിരിക്കുന്നു.വായനശാലകളും പുസ്തകങ്ങളും മരിച്ചു കൊണ്ടിരിക്കുമ്പോള്‍ വിദ്യാരംഭം എന്നാ ഒരു ആചാരത്തിന് എത്രത്തോളം പ്രസക്തിയുണ്ട് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. വായനശാലയും പുസ്തകങ്ങളും ഒരാളുടെ അറിവിനെ മാത്രമല്ല വ്യക്തിത്വത്തിനെ തന്നെ സ്വാധീനിക്കുന്നു. എന്നാല്‍ പുസ്തക പ്രേമികളുടെ എണ്ണവും ഇക്കാലത്ത് കുറഞ്ഞു വരുന്നു.ഏതു പ്രഗല്‍ഭന്റെ മടിയില്‍ ഇരുന്നു ഹരി ശ്രീ കുറിച്ചാലും വരും തല മുറകള്‍ കമ്പ്യൂട്ടറിന്റെ മുന്നിലേക്ക് തന്നെയാണ് പോവുന്നത്. കമ്പ്യൂട്ടര്‍ അറിവു നേടാന്‍ സഹായിക്കുമെങ്കിലും അങ്ങനെ ഉപയോഗിക്കുന്നവരും വളരെ വിരളം എന്ന് തന്നേയ് പറയണം. വിദ്യാഭ്യാസം ഒരു കച്ചവടം ആവുന്ന ഇന്നത്തെ സമൂഹത്തില്‍ വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാട് മാറാത്തിടത്തോളം കാലം വിദ്യാരംഭം എന്നത് ഒരു ആചാരമായി തന്നെ നമുക്കിടയില്‍ തുടരും. ഏത് യുക്തിവാദികള്‍ പോലും മൗനമായി അംഗീകരിക്കുന്ന ഒരു ആചാരം. യുക്തി ചിന്തകളും ചിന്താ ശേഷിയും നമ്മുടെ സമൂഹത്തിനു എന്നേ നഷ്ടപ്പെട്ടൂ...യുക്തി പുലരട്ടെ...നമ്മുടെ സമൂഹത്തില്‍ ... അതു മാത്രം പ്രത്യാശിക്കുന്നു... :-)

Wednesday, October 3, 2012

കുപ്പത്തൊട്ടിയില്‍ തിളങ്ങിയ മാണിക്യം!!!



"തിലകന്‍;മരണാനന്തര മഹത്വം പറയുന്ന സമൂഹത്തിന്‍റെ ഇര."- മലയാള സിനിമയില്‍ നട്ടെല്ല് ഉള്ള ചില അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായ ശ്രീ രഞ്ജിത്തിന്‍റെ വാക്കുകളാണ് ഇവ. എന്നെ ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചതും ഈ വാക്കുകള്‍ ആണു. ഒരു പക്ഷേ തിലകനെ പറ്റി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വേര്‍പാടിനെ പറ്റി പറയുവാന്‍ അധികാരമുള്ള ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് രഞ്ജിത്. സിനിമ ലോകത്തെ രാജാക്കന്മാരും ശിങ്കിടകളും തഴഞ്ഞിട്ട തിലകനു ഒരു കൈത്താങ്ങു ആയി വന്ന ഒരാളാണ് രഞ്ജിത്. വിമര്‍ശന ശരങ്ങളെ തട്ടി മാറ്റിക്കൊണ്ടാണ്, തന്‍റെ ' ഇന്ത്യന്‍ റുപ്പീ' എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം രഞ്ജിത് തിലകനു നല്‍കിയത്. തിലകനെയല്ലാതെ വേറേ ഒരു നടനെയും നമുക്ക് ആ റോളില്‍ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.

തിലകന്‍റെ മരണ വാര്‍ത്ത‍ ഒരു പക്ഷേ മലയാളികള്‍ കുറച്ചു കാലമായി വേദനയോടെ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. പക്ഷേ അദ്ദേഹം രക്ഷപ്പെടണം എന്നും തിരിച്ചു വരണം എന്നും പ്രാര്‍ത്ഥിച്ചു പോവാത്ത ഒരു മലയാളി പ്രേക്ഷകനും ഉണ്ടാവില്ല. ഇതൊക്കെയാണെങ്കിലും കഴുകന്‍ കണ്ണുകളുമായി ആശുപത്രിയുടെ പ്രദേശങ്ങളില്‍ തമ്പടിച്ച 'ഹോട്ട് ന്യൂസ്‌ ശില്‍പികള്‍ ' ഈ മരണവും മരണാനന്തര 'ചടങ്ങുകളും' മുന്‍കൂട്ടി മനസ്സില്‍ കുറിച്ചു വച്ചു എന്നു വേണം കരുതാന്‍.. ഇന്നു രാവിലെ തുടങ്ങി ചാനലുകളില്‍ ദുഃഖ സംഗീതവും, തിലകന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ദൃശ്യങ്ങളും, അതു പോലെ തന്നേയ് തിലകന്‍ പിന്നിട്ട വഴികളിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുടെയും എല്ലാം അനുശോചനങ്ങള്‍ എല്ലാം കൊണ്ടും നിറയുകയാണ്. എല്ലാം കണ്ടാല്‍ ഏതു പൊട്ടനും മനസിലാവും ഇതെല്ലാം മുന്‍കൂട്ടി ഒരുക്കി വച്ചതാണ് എന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിലകന്‍ ഇതുപോലെ രോഗ ബാധിതനായി അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍, മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ പ്രതിനിധി , ആശുപത്രിയിലേക്ക് വിളിച്ചു "തിലകന്‍ മരിച്ചോ...നിങ്ങള്‍ വേഗം വാര്‍ത്ത‍ തരൂ... അടുത്ത ദിവസത്തേയ്ക്കുള്ള എഡിഷന്‍ പ്രിന്‍റ് ചെയ്യാറായി" എന്നു പറഞ്ഞത് അക്കാലത്തു ഒരു ചെറിയ വിവാദം ഉണ്ടാക്കിയ സംഭവം ആയിരുന്നു. സൂചി കൊണ്ടു എടുക്കുന്നത് തൂമ്പ കൊണ്ടു എടുക്കാന്‍ പാകം ആക്കി തരുന്ന നമ്മുടെ ചാനല്‍കാര്‍ അക്കാലങ്ങളില്‍ ഇല്ലാത്തതു കാരണം ആ സംഭവം അത്ര ചൂട് പിടിച്ചില്ല.

സ്വന്തം കഴിവു കൊണ്ടും അസാമാന്യമായ ആത്മവിശ്വാസം കൊണ്ടും പ്രതിസന്ധികളെ അതിജീവിച്ച നടനാണ് തിലകന്‍ എന്നതില്‍ സംശയം ഇല്ല. എന്നിരുന്നാലും നിര്‍ഭാഗ്യങ്ങള്‍ അദ്ധേഹത്തെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. എന്നും ചിലരുടെ ഒത്തു കളികളില്‍ ഒറ്റപ്പെട്ടു പോയ ഒരാളാണ് അദ്ദേഹം എന്നു തിലകന്‍റെ ജീവിതം പരിശോധിച്ചാല്‍ നമുക്ക് മനസിലാകും. പെരുന്തച്ചനിലെ അഭിയ മികവിനു ദേശീയ അവാര്‍ഡിന്റെ വക്കോളം എത്തിയിട്ടും തഴയപെട്ടത്‌ മുതല്‍ ഇങ്ങു കൊച്ചു കേരളത്തില്‍ ചിലരുടെ ഒക്കെ ഇടപെടലുകള്‍ കാരണം ഒത്തിരി സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടത് വരെയുള്ള സംഭവങ്ങള്‍ അതിനു ഉദാഹരണം ആണു. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാബ് ബച്ചനെ സോപ്പ് ഇടാന്‍ ഉള്ള ചില ഉത്തരേന്ത്യന്‍ ലോബികളുടെ ഇടപെടലുകള്‍ കാരണമാണ് പെരുന്തച്ചനിലെ തിലകന്‍റെ പ്രകടനം തഴയപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം സഹപ്രവര്‍ത്തകരാല്‍ പോലും ഒറ്റപെടുത്തല്‍ ഏറ്റുവാങ്ങിയിട്ട് പോലും തളരാതെ ആരുടെ മുന്നിലും തല കുനിക്കാത്ത ആ വ്യക്തിത്വത്തിനെ പുകഴ്ത്താന്‍ വാക്കുകളില്ല.

കോക്കസ് കളികളാണ് മലയാള സിനിമയുടെ ശാപം എന്നു പരസ്യമായി പ്രഖ്യാപിച്ച തിലകനു അതിന്റെ പേരില്‍ പല സിനിമകളും നഷ്ടമായി. അമ്മ സംഘടനയ്ക്കുള്ളിലെ ചര്‍ച്ചയ്ക്കു ഇടയില്‍ തിലകനു നേരെ കൈ ചൂണ്ടി ദേഷ്യത്തോടെ സംസാരിച്ച കാര്യം ഒരിക്കല്‍ ദിലീപ് മനോരമ ന്യൂസ്‌ലെ ഇന്റര്‍വ്യൂ യില്‍ പറയുന്നത് കാണാന്‍ ഇടയുണ്ടായി. ഈ കാര്യം ഇന്റര്‍വ്യൂ യില്‍ പറയുമ്പോള്‍ പോലും ദിലീപിന്‍റെ മുഖത്ത് ഒരു കുറ്റബോധം പോലും വന്നില്ല എന്നത് എന്നെ അതിശയിപ്പിച്ചു. അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ ഏറ്റു വാങ്ങിയവര്‍ക്കു കലയുടെ മഹത്ത്വം ഒരിക്കലും അറിയില്ല എന്നു പറയുന്നത് എത്ര ശരിയാണ്. തിലകനില്‍ നിന്നും വിമര്‍ശന ശരങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയിട്ടുള്ള മോഹന്‍ ലാല്‍ , മമ്മൂട്ടി, നെടുമുടി വേണു തുടങ്ങിയവര്‍ പോലും അദ്ധേഹത്തെ പരസ്യമായി അധിക്ഷേപിക്കാന്‍ നിന്നിട്ടില്ല എന്നതും നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം ആണു. ആ പ്രശ്നങ്ങളുടെയെല്ലാം പരിസമാപ്തി എന്നോണം തിലകനെ അമ്മയില്‍ നിന്നും പുറത്താക്കി. അഭിനയ കലയോടുള്ള അഭിനിവേശത്താല്‍ സ്വന്തം അമ്മ പോലും തള്ളി പറഞ്ഞ തനിക്കു ഈ താരങ്ങള്‍ വാഴുന്ന അമ്മയുടെ വിലക്ക് പുല്ലാണെന്ന് വിളിച്ചു പറയാന്‍ തിലകന് മടിയുണ്ടായില്ല. ഏതോ രണ്ടു ചെറിയ സിനിമകളില്‍ ചെറിയ വേഷം ചെയ്തു അഭിനയത്തിന്റെ ABCD പോലും അറിയില്ല എന്നു തെളിയിച്ച ശ്രീ ഇടവേള ബാബു ഒക്കെ വാഴുന്ന 'അമ്മയില്‍' നിന്നും തിലകനെ പോലുള്ള മഹാ പ്രതിഭകളെ പുകച്ചു പുറത്ത് ചാടിച്ചതില്‍ വലിയ അത്ഭുതം ഒന്നും തോന്നാനില്ല എന്നു പറയുന്നതാവും ശരി.

അമ്മയെ കൂടാതെ ഫെഫ്ക , മാക്ട തമ്പ്രാക്കന്മാരുടെയും കണ്ണിലെ കരടായിരുന്നു തിലകന്‍. . അവരുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഒരു പിടി നല്ല സിനിമകളില്‍ നിന്നും തിലകന്‍ തഴയപ്പെട്ടു. ഒരാള് അഭിനയിക്കരുത് എന്നു തീരുമാനം എടുക്കാന്‍ ഈ തമ്പ്രാന്‍മാര്‍ക്ക് എങ്ങനെ സാധിച്ചു എന്നത് മനസിലാവാത്ത കാര്യം ആണു. ഇന്നയാളുടെ സിനിമയില്‍ അഭിനയിക്കരുത് ഇന്നയാളോട് സഹകരിക്കരുത് എന്നെല്ലാം പറയാന്‍ ഇവരാണോ മലയാള സിനിമയുടെ പിതാക്കന്മാര്‍... ഈ ഒറ്റപെടുത്തലുകളുടെ മുന്‍പിലും തളരാതെ മുന്നേറാന്‍ തിലകനു സാധിച്ചു. തന്നെ വേണ്ടാത്ത സിനിമയെ തനിക്കും വേണ്ട എന്നു പ്രഖ്യാപിച്ചു തിലകന്‍ വീണ്ടും നാടകങ്ങളിലേക്ക് തിരിഞ്ഞു. ആലപ്പുഴയില്‍ നാടക സമിതിക്ക് രൂപം കൊടുത്ത അദ്ദേഹം തന്‍റെ രോഗാവസ്ഥയില്‍ പോലും നാടകങ്ങളില്‍ സജീവമായി.
താന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ച തിലകന്‍ തന്നിലെ കമ്മ്യൂണിസ്റ്റ്‌ ആണു പ്രതിസന്ധികളില്‍ തളരാതെ തന്നെ മുന്‍പോട്ട് പോവാനും അന്യായങ്ങളെ എതിര്‍ക്കാനും സഹായകമായത് എന്നു പറയുകയുണ്ടായി. തല വഴി മുണ്ട് പുതച്ചു തൊഴാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ്‌ കാരുള്ള ഇക്കാലത്തും നിരീശ്വര വാദവും കമ്മ്യൂണിസവും മുറകെ പിടിച്ച തിലകന്‍ മരണം വരെയും തന്‍റെ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ത്തില്ല.

എന്ത് തന്നെയായാലും ചാനലുകാര്‍ക്ക്‌ കുറച്ചു ദിവസത്തേയ്ക്ക് ഉള്ളതായി. തിലകന്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ധേഹത്തെ ചുറ്റി പറ്റിയുണ്ടായിരുന്ന വിവാദങ്ങള്‍ കുത്തിപൊക്കാന്‍ അവര്‍ ആവുന്ന അത്ര ശ്രമിക്കും എന്നതില്‍ സംശയം വേണ്ട. തിലകനിലെ നടന്‍ മരിച്ചു എന്നു വരെ പ്രഖ്യാപിച്ചവരുടെ പോലും അനുശോചനങ്ങളാളും മുതലകണ്ണ്‍ നീരിനാലും നമ്മുടെ ചാനലുകള്‍ ഈ മരണവും ആഘോഷമാകും. എല്ലാം ഒതുങ്ങുമ്പോള്‍ ചിതയിലെ ചൂട് അണയുന്നതിനു മുന്‍പ് തന്നെ വീണ്ടും അവരുടെ സന്തോഷ്‌ പണ്ഡിറ്റ്‌ലേക്കും മറ്റും ചര്‍ച്ചകളിലേക്കും തിരിയും. അങ്ങനെ തിലകനെയും അവര്‍ തിരശീലയ്ക്ക് പിന്നിലേക്കു മറ്റും.THE SHOW MUST GO ON........

പ്രിയപ്പെട്ട സിനിമ ലോകമേ...നിങ്ങള്ക്ക് അദ്ദേഹം നിഷേധിയും അഹങ്കാരിയുമായിരിക്കും, നിങ്ങള്‍ പൂജിച്ചു പോന്നിരുന്ന പോന്നിരുന്ന താരബിംബങ്ങളെ കല്ലെറിഞ്ഞവനായിരിക്കും, പക്ഷെ ഞങ്ങള്‍ക്ക് അദ്ദേഹം ഒരു മാണിക്യമാണ് മലയാള സിനിമ എന്ന കുപ്പത്തൊട്ടിയില്‍ തിളങ്ങി നിന്ന മാണിക്യം. 

അമേരിക്കയ്ക്കൊരു പണിയുമായി ചൈനീസ്‌ ഹക്കെര്‍മാര്‍ !!



ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഉള്ള സൈന്യം ഉണ്ടെന്നു അവകാശപ്പെടുന്ന അമേരിക്കയ്ക്ക് ഒരു പണി കൊടുത്തു കൊണ്ടു ചൈനീസ്‌ ഹാക്കെര്‍മാര്‍ രംഗത്ത് വന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യപെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. ചൈനീസ്‌ ഹാക്കര്‍ ആണു ഇതിനു പിന്നില്‍ എന്നും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു.
അമേരികന്‍ സൈന്യം ആണവ പരമായ കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ആണു ഹാക്ക് ചെയ്യപ്പെട്ടത്. രാജ്യത്തിന്‍റെ അതീവ രഹസ്യമായ വിവരങ്ങള്‍ അടങ്ങുന്ന ഈ കമ്പ്യൂട്ടറുകളില്‍ നിന്നും യഥൊരു വിധ ഡാറ്റകളും നഷ്ടപെട്ടില്ല എന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു.

അതേ സമയം ഒബാമയുടെ കീഴില്‍ ഉള്ള ഭരണകൂടത്തിന്റെ കഴിവു കേടാണ് ഈ ഹാക്കിംഗ് സൂചിപ്പികുന്നത് എന്നുള്ള വിമര്‍ശന ശരങ്ങളുമായി അമേരിക്കന്‍ മാധ്യമങ്ങള്‍ രംഗത്ത് വന്നു. അതികം വൈകാതെ തന്നെ ഇലക്ഷന്‍ നേരിടാന്‍ പോവുന്ന ഒബാമയ്ക്ക് ഇതൊരു തിരിച്ചടിയാവും എന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഈ ഹാക്കിംഗ് വാര്‍ത്ത‍ മറ്റു രാജ്യങ്ങളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഏറ്റവും കൂടുതല്‍ സുരക്ഷ സന്നാഹം ഉള്ള അമേരിക്ക പോലും ചൈനീസ്‌ ഹാക്കര്‍മാരുടെ മുന്‍പില്‍ മുട്ട് മടക്കിയപ്പോള്‍ തങ്ങളുടെ സ്ഥിതി എന്തയിരുക്കും എന്ന ആശങ്കയിലാണ് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ .
ഒറിജിനല്‍ എന്നു തോന്നിപ്പിക്കുന്ന ഫെയ്ക്ക് പേര്‍സണല്‍ ഇമെയില്‍ ഐ.ഡി വഴി ലിങ്കുകള്‍ അയച്ചു ഹാക്ക് ചെയ്യുന്ന സ്പിയര്‍ ഫിഷിംഗ് എന്ന ഹാക്കിംഗ് രീതിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് . യു.എസ്. മിലിട്രി നെറ്റ്‌വര്‍ക്ക്കള്‍ ഇതിനു മുന്‍പും ഹാക്ക് ചെയ്യാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചവയുടെ എണ്ണം വളരെ ചുരുക്കം മാത്രം ആണു. ആ ഹാക്കര്‍മാരെ ഒക്കെ അപ്പോള്‍ തന്നെ അമേരിക്ക വേണ്ട വിധം കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ ചൈനീസ്‌ ഭരണകൂടത്തിന്റെ അറിവോടെയുള്ള ഈ ഹാക്കിംഗ് നെതിരെ ഒരു ചെറു വിരലനക്കാന്‍ പോലും അമേരിക്കയ്ക്ക് ആവുന്ന്മില്ല എന്നത് അതിശയം ജനിപ്പിക്കുന്നു.



 ലോകത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ അക്കൗണ്ട്‌ ഉള്ളവരുടെ പകുതിയലധികം പേരുടേയും വിവരങ്ങളും മറ്റും ചൈനീസ്‌ ഹാക്കര്‍ മാര്‍ ഹാക്ക് ചെയ്തു എന്ന ഒരു വാര്‍ത്ത‍ മുന്‍പ് പരന്നിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്ത‍ കൂടി കേട്ടാല്‍ നാം കാണുന്ന ചൈന അല്ല യഥാര്‍ത്ഥ ചൈന എന്നു നിസംശയം പറയാം. കാരണം ചൈനയെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ഇന്നും മറ്റു ലോക രാജ്യങ്ങള്‍ക്ക് അന്ജതാതമാണ്.

Thursday, August 16, 2012

ചിന്തിക്കൂ... ഇത് സ്വാതന്ത്ര്യം ആണോ.......!!

പൊട്ടാസ് പൊട്ടിക്കുന്ന ലാകവത്തോടെ നിരവധി മനുഷ്യരെ നിഷ്‌കരുണം കൊന്നൊടുക്കിയ. കസബിനെ പോലുള്ള തീവ്രവാദികള്‍ക്ക് ജയില്‍ സുഖവാസം നല്‍കുന്ന രാജ്യം. ജീവന്‍ പണയം വച്ച് രാജ്യത്തിന്റെ അതിര്‍ത്ത കാത്ത ധീര ജവാന്മാരുടെ സ്മാരകങ്ങളെ പുല്ലു വില കല്പിച്ചു. സിരകളില്‍ മതഭ്രാന്ത് പതഞ്ഞു കയറുമ്പോള്‍ ആ സ്മാര്കങ്ങളെ അടിച്ചുടയ്ക്കുന്ന യുവാക്കളുടെ രാജ്യം. പിഞ്ചു കുഞ്ഞുങ്ങളേ പോലും ശൂലങ്ങളില്‍ കോര്‍ത്ത് ആ ചോരയില്‍ ആരാധന മൂര്‍ത്തികളെ സ്തുതിക്കുന്നവരുടെ രാജ്യം .വിശക്കുന്നവന്റെ വായില്‍ മതം കുത്തി കേറ്റി പുര കത്തുമ്പോള്‍ വഴ വെട്ടാന്‍ നടക്കുന്നു കുഞ്ഞാടുകളുടെ നാട്.

ശാസ്ത്ര സാമൂഹിക സാംസ്‌കാരിക മേഖലകളില്‍..ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തി കാട്ടാന് ഒട്ടനവധി നേട്ടങ്ങള്‍ ഉണ്ടെങ്കിലും അവയെ എല്ലാം തന്നേയ് നിഷ്പ്രഭാമാക്കുന്ന നാണംകെട്ട അഴിമതി കഥകളുടെ നാട്. രാജ്യത്തിന്റെ യശസ്സു ഉയര്‍ത്തി കാട്ടാന്‍ ഉള്ള കായിക മാമാങ്കങ്ങളെ അഴിമതി കൊണ്ട് മുക്കി കളഞ്ഞു കോടികള്‍ സമ്പാദിക്കുകയും. ഒടുവില്‍ ജയിലില്‍ അടയ്ക്കപെടുമ്പോള്‍ പുല്ലുപോലെ ജാമ്യം മേടിച്ചു നിയമ വ്യവസ്ഥയെയും പൊതു ജനങ്ങളെയും നേരേ കൊഞ്ഞനം കുത്തുകയും ചെയുന്ന രാഷ്ട്രീയ കോമരങ്ങളുടെ നാട്.

എല്ലാത്തിനും ഉപരി മതഭ്രാന്തും അഴിമതികളും അത് പോലെ എല്ലാ കൊള്ളരുതായ്മക്കും നേരെ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്ന പ്രതികരണ ശേഷി നഷ്ടപെട്ട യുവാക്കളുടെ നാട്. അതാണ് ഇന്ന് നമ്മുടെ ഭാരതം. ആലോചിക്കുക നമുക്കുള്ളത് സ്വാതന്ത്ര്യം തന്നേയ് ആണോ. സാമൂഹിക സമത്വത്തിലും സാഹോദര്യത്തിലും ഊന്നിയുള്ള നമ്മുടെ രാജ്യത്തിലെ വികസനത്തിന്റെ നല്ല നാളുകള്‍ക്കായി,ആ പ്രഭാതത്തിനായി നമുക്ക് കൈകോര്‍ക്കാം… പ്രതികരിക്കാം..

ജയ് ഹിന്ദ്…

Monday, July 23, 2012

സലിം കുമാറിനെന്താ കൊമ്പ് ഉണ്ടോ??..ഉണ്ട്"..


"സാക്ഷിക്കെന്താ കൊമ്പ് ഉണ്ടോ..??" ഈ ചോദ്യം മലയാളികള്‍ക് സുപരിചിതമാണ്....സമൂഹത്തില്‍ നടക്കുന്ന ചില അപ്രിയ സത്യങ്ങളെ തുറന്നു കാണിച്ചു ഒരു ടെലിവിഷന്‍ പ്രോഗ്രാമിന്റെ പരസ്യം ആണ് അത്...."സാക്ഷിക്കു" അപ്രിയ സത്യത്തിന്റെ കൊമ്പ് ഉണ്ട് എന്ന് സാക്ഷി തന്നേയ് ഒടുവില്‍ സമ്മതിച്ചു.... പക്ഷെ "സലിം കുമാറിനെന്താ കൊമ്പ് ഉണ്ടോ"..എന്ന ചോദ്യം എന്താണ് ..!!.?.ഇപ്പൊ മലയാളികളില്‍ ചിലരെങ്കിലും ചോദിച്ചു പോവുന്ന അല്ലെങ്കില്‍ സമീപ ഭാവിയില്‍ തന്നേയ് ചോദിക്കാന്‍ പോവുന്ന ഒരു പുതിയ ചോദ്യം ആണ് ഇത്...സാക്ഷിയെ പോലെ തന്നേയ് സലിം കുമാറിനും ഉണ്ട്...ഒരു കൊമ്പ്...അപ്രിയ സത്യത്തിന്റെ കൊമ്പ്...!!

അവാര്‍ഡ്‌ പ്രഖ്യാപനവും അതിനോട് ചേര്‍ന്ന് വരുന്ന വിവാദങ്ങളും മലയാളിക് ഒരു പുതിയ സംഭവം അല്ല...പക്ഷെ ഏറ്റവും കൂടുതല്‍ ആക്ഷേപം ഏറ്റു വാങ്ങിയ ഒരു ഫിലിം അവാര്‍ഡ്‌ ആണ് ഇത്തവണതെത് എന്ന് പറയാതെ വയ്യ..ജൂലൈ 23 നു സലിം കുമാര്‍ നടത്തിയ പത്ര സമ്മേളനം കാണാന്‍ ഇടയുണ്ടായി...ചുമ്മാ ആരോപണങ്ങള്‍ അഴിച്ചു വിടുക മാത്രമല്ല അദ്ദേഹം ചെയ്തത്...ആ ആരോപണങ്ങള്‍ എത്രത്തോളം സത്യമുള്ളതാണ്‌ എന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരു മലയാളിക്കും മനസിലാക്കാം. ..ഹാസ്യം എന്നത് ഒരു രസം ആണ്...നവരസങ്ങളില്‍ ഒന്ന്..അതിനെ വേര്‍തിരിച്ചു കണ്ടു...മികച്ച ഹാസ്യ നടന്‍ എന്നൊരു അവാര്‍ഡ്‌ ഉണ്ട്കിയതിന്റെ അപഹസ്യതയെ അദ്ദേഹം ചോദ്യം ചെയ്തത് വളരെ പ്രശംസനീയം ആയ ഒരു കാര്യം തന്നെയാണ്...മലയാള സിനിമയുടെ പുണ്യം എന്ന വിശേഷണത്തിന് എന്ത് കൊണ്ടും അര്‍ഹനായ കലാകാരന്‍,മഹാ നടന്‍ ശ്രീ ജഗതി ശ്രീകുമാറിനെ ഹാസ്യ നടന്‍ എന്ന ചട്ടകൂടില്‍ നിര്‍ത്താന്‍ തോന്നിയ ജൂറിയുടെ "മികവിനെ" വിശേഷിപ്പികാന്‍ വാക്കുകളില്ല....

എന്തിനാണ് പിന്നേ ബെസ്റ്റ് ആക്ടര്‍ എന്ന ഒരു അവാര്‍ഡ്‌....കരുണം,ഹാസ്യം,രൌദ്രം എന്നിങ്ങനെ തുടങ്ങി എല്ലാ നവരസങ്ങല്കും ഓരോ അവാര്‍ഡ്‌ ഏര്‍പെടുത്തി കൂടെ എന്ന സലിം കുമാറിന്റെ ചോദ്യം വളരെ പ്രസക്തി ഏറിയ ഒന്നാണ്...അത് പോലെ തന്നേയ് അവാര്‍ഡിന്റെ നിയമ ചട്ടങ്ങള്‍ക് വിരുദ്ധമായി പ്രണയം എന്ന ഫിലിമിന്റെ സംവിധായകന് അവാര്‍ഡ്‌ കൊടുത്തു എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു..അതിനു തെളിവായി അവാര്‍ഡിന്റെ നിയമാവലി അദ്ദേഹം എടുത്തു കാട്ടുകയും ഉണ്ടായി....ഒരു പക്ഷേ ഈ പ്രസ്താവനകള്‍ അദ്ദേഹത്തിന് ഇനിയും ഒരുപാടു ശത്രുക്കളെ തന്റെ കരിയറില്‍ ഉണ്ടാക്കിയേക്കാം...എന്നിരുന്നാലും ഈ കാര്യങ്ങള്‍ വെട്ടി തുറന്നു പറയാന്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റത്തെ എടുത്തു പറയാതെ വയ്യ...

ഈ അവാര്‍ഡുകളെക്കാള്‍ പരിതാപകരം എന്നു തോന്നിയത് മറ്റൊന്നാണ് , സലിം കുമാറിന്റെ പത്ര സമ്മേളനം ന്യൂസ്‌ ഇന്ത്യവിഷന്‍ ചാനല്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ അതിന്റെ ചുവടെ ചിലര്‍ കൊടുത്ത കമന്റുകളാണ്...."അല്പന് നാഷണല്‍ അവാര്‍ഡ്‌ കിട്ട്യാല്‍ അര്‍ദ്ധരാത്രി.." "കിട്ടാത്ത മുന്തിരി പുളികും.." എന്നൊക്കെ ഉള്ള ഈ കമന്റുകള്‍ കണ്ടപ്പോള്‍, എന്നു മുതല്‍ക്കാണ് മലയാളികള്‍ ഇത്ര അല്പന്മാര്‍ ആയി പോയത്.എന്നു അറിയാതെ ചിന്തിച്ചു പോയി...എന്നു മുതല്‍ക്കാണ് സലിം കുമാര്‍ മലയാളികള്‍ക് അപ്രിയനായി പോയത്...തങ്ങള്‍ ആരാധിച്ചു പോന്ന താരബിംബങളെ പിന്തള്ളി സ്വന്തം കഠിനാധ്വാനത്തിന്റെയും പ്രയ്നതിന്റെയും ഫലമായി രാജ്യത്തിന്‍റെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ്‌ നേടിയപോഴാണോ..അതോ കോമാളി വേഷത്തിന്റെ ചട്ടകൂടില്‍ നിന്നും പുറത്തു വന്നു തങ്ങളുടെ ധാരണകളെ കാറ്റില്‍ പറത്തിയത് കൊണ്ടോ. അല്ല ഞാന്‍ ഒന്ന് ചോദിക്കട്ടേ ഈ ഉണക്ക സ്റ്റേറ്റ് അവാര്‍ഡ്‌നെ സലിം കുമാരന് കിട്ടാതെ പോയ മുന്തിരി ആയി കണ്ട മഹാന്മാരില്‍ എത്ര പേര്‍ "ആദമിന്റെ മകന്‍ അബു" എന്ന ഫിലിം കണ്ടിടുണ്ട്...ആ സിനിമ കണ്ട സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക് പോലും സലിം കുമാര്‍ എന്ന നടനെ മുന്തിരി കിട്ടാത്ത കുറുക്കനായ് കാണാന്‍ പറ്റില്ല.....കഴിവിനെ അംഗീകരിക്കാന്‍ മടി കാണിക്കുന്ന മലയാളിയുടെ മനസിന്റെ വരട്ട ചൊറിയാണ് അത്തരം കമന്റുകളില്‍ പ്രതിഫലിക്കുന്നത് ഫേസ് ബുക്ക്‌ ആണ് നിങ്ങളുടെ സ്വന്തം അക്കൗണ്ട്‌ ആണ്.. എന്നു കരുതി എന്തും വിളിച്ചു പറയാന്‍ ഉള്ള ഒരു വേദിയായി അതിനെ കാണരുത്...ഒരാളുടെ അഭിപ്രായങ്ങളോട് സ്വാഭാവികമായി വിയോജിപ്പുണ്ടവം,,,എന്നാല്‍ അത് പ്രകടിപ്പികേണ്ടത് മാന്യമായ രീതിയില്‍ ആണ്...ഒന്നുമല്ലെങ്കിലും രാജ്യം ഒരികല്‍ ആദരിച്ച നടന്‍ അല്ലേ നമ്മുടെ സലിം കുമാര്‍...അപ്പോള്‍ അദ്ദേഹത്തിന് എതിരെ വിമര്‍ശന ശരങ്ങള്‍ എയ്തു വിടുമ്പോള്‍ വാക്കുകള്‍ കുറച്ചെങ്കിലും സൂക്ഷിക്കെണ്ടാതല്ലേയ് .....ഒരാളെ വ്യക്തി ഹത്യ നടത്തുന്നത് ആവരുത് വിമര്‍ശനങ്ങള്‍ എന്നു ശ്രദ്ധിച്ചാല്‍ വളരെ നല്ലത്.....അത്രയ്ക് വലിയ കുറ്റം ഒന്നും സലിം ചെയ്തിട്ടില്ല..

ഈ വര്‍ഷത്തെ ഈ അവാര്‍ഡ്‌ എന്നാ കോമാളിത്തരം എതിര്കുന്നവര്‍ മലയാള സിനിമയ്ക്ക് അകത്തും പുറത്തുമായി കുറേ പേര്‍ ഉണ്ട്...ഭൂരിഭാഗവും മിണ്ടാതെ ഇരിക്കുന്നു എന്നേയുള്ളു..അത് ചിലപ്പോള്‍ പേടിച്ചിട്ടാകാം അല്ലെങ്കില്‍ ചില നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കനാവാം ....എന്ത് തന്നേയ് ആയാലും ഈ അവാര്‍ഡ്‌ എന്നാ പേകൂത്തിനെ പരസ്യമായ് എതിര്‍ക്കാന്‍ ഒരു നടന്‍ മുതിര്‍ന്നെങ്കില്‍ അദേഹത്തിന്റെ ചന്കൂന്റത്തെ പ്രശംസികുകയാണ് നമ്മള്‍ പ്രേക്ഷകര്‍ ചെയേണ്ടത്....അല്ലാതെ സലിം കുമാര്‍ എന്നാ മഹാ നടനെ വ്യക്തി ഹത്യ ചെയുന്ന പിതൃശൂന്യമായ കമന്റുകള്‍ ഇടുകയല്ല വേണ്ടത്....തന്റെ കഴിവിനും അധ്വാനത്തിനും അര്‍ഹിച്ച അവാര്‍ഡ്‌ തന്നെയാണ് അദ്ദേഹത്തിന് കിട്ടിയ നാഷണല്‍ അവാര്‍ഡ്‌ ...അതിനെ പരഹസികുന്നത് കാണുമ്പോള്‍...സുഹൃതുകളേ പരിതാപകരം എന്നല്ലാതെ ഒന്നും പറയാന്‍ ഇല്ല...... ആരെയും പേടിക്കാതെ തന്റെ അഭിപ്രായം തുറന്നു പറയാന്‍ സലിം കുമാര്‍ കാണിച്ച ആണത്തത്തിനു അഭിവാദ്യങ്ങള്‍...പ്രിയപ്പെട്ട സലിമേട്ടാ... താങ്കള്‍ പറഞ്ഞത് താങ്കളുടെ മാത്രം അഭിപ്രായം അല്ല..സിനിമയെ സ്നേഹിക്കുന്ന ഞങ്ങള്‍ ഒരു കൂട്ടം പ്രേക്ഷകര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്...ജഗതി ശ്രീകുമാര്‍നേ പോലെ ഞട്ടെല്ല് ഉള്ള ഒരാള് കൂടി മലയാള സിനിമയില്‍ ഉണ്ടല്ലോ എന്നു ഞങ്ങള്ക് ആശ്വസിക്കാം...ഞങ്ങളും സമ്മതിക്കുന്നു സലിം കുമാറിന് കൊമ്പ് ഉണ്ട്..

ഒരു കാര്യം കൂടി:

ഈ അവാര്‍ഡ്‌ പ്രഖ്യാപിക്കുന്ന വേളയില്‍ ശ്രീ ജഗതി ശ്രീകുമാര്‍ പൂര്‍ണ ആരോഗ്യവനായ് നമുക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്നു ആശിച്ചു പോവുന്നു...ഒരു പക്ഷെ സലിം കുമാര്‍ പറഞ്ഞതിനേക്കാള്‍ മൂര്‍ച്ച ഏറിയതായെക്കാം അദേഹത്തിന്റെ പ്രതികരണം എന്നതില്‍ സംശയം ഇല്ല ...അത് കൂടി താങ്ങാന്‍ നമ്മുടെ മന്ത്രിക്കോ ജൂരിക്കോ കഴിഞ്ഞെന്നു വരില്ല...അവരുടെ ഭാഗ്യം...എന്നു മാത്രം പറയട്ടെ..ഒപ്പം ജഗതി ചേട്ടന്റെ ആയുരരോഗ്യതിനായ് പ്രാര്‍ഥികുന്നു

അനുബന്ധം:

സലിം കുമാറിന്റെ പത്ര സമ്മേളനം വീഡിയോ :

http://www.yuvog.com/play/News__Politics/Salim_Kumar_Against_Film_Awards http://www.yuvog.com/play/News__Politics/Salimkumar_Against_Comedian_Awards http://www.yuvog.com/play/News__Politics/Salimkumar_Supporting_Thilakan